സനദ് വായിക്കുന്നു

ഖസ്രജിയുടെ കയ്യിലിരിക്കുന്നത് തിരു കേശമാനെന്നു അമ്പലക്കടവ്

0

Tiru Kesham
For Zero Abdulla

2011, ജൂലൈ 15, വെള്ളിയാഴ്‌ച

എണ്‍പത്തൊമ്പത് -- ഒ എം തരുവണ

അറുപത്തഞ്ചു വര്‍ഷം കൊണ്ട് കോഴിക്കോട് നഗരത്തില്‍ മാത്രം പതിനൊന്നു പള്ളികള്‍ സുന്നികള്‍ക്കു നഷ്ടപ്പെട്ടു. പിന്നീടുവന്ന ഇരുപതു വര്‍ഷങ്ങള്‍ കൊണ്ട് ഇരുപത്തിമൂന്നു പള്ളികള്‍ ഈ നഗരത്തില്‍ സുന്നികള്‍ നിര്‍മിച്ചു. 1989നു ശേഷം സമസ്തയില്‍ എന്തുസംഭവിച്ചു എന്നതിന് ഈ അനുഭവം വേണമെങ്കില്‍ ഒരു സൂചകമായെടുക്കാം. അഹ്ലുസ്സുന്നയാകുന്ന നമ്മുടെ പ്രസ്ഥാനത്തെ നയിച്ച പഴയകാല നേതാക്കളെല്ലാം സാത്വികരും മഹാ•ാരുമായിരുന്നു. പ്രസ്ഥാനത്തിന്റെ ആസ്ഥാന നഗരിയില്‍ സുന്നികള്‍ക്ക് ഇങ്ങനെയൊരു അപചയം സംഭവിച്ചതിന് ആരെയും കുറ്റപ്പെടുത്തുകയല്ല; ഒരു വസ്തുത ചൂണ്ടിക്കാട്ടുക മാത്രമാണ്. എണ്‍പത്തൊമ്പതിന് മുമ്പും ശേഷവും എന്നൊരു ചര്‍ച്ച വന്നാല്‍ എടുത്തുപറയേണ്ട നിരവധി വിഷയങ്ങളുണ്ട്. 1925ന്റെ സാമൂഹിക സാഹചര്യങ്ങളെ നേരിടാന്‍ പര്യാപ്തമായ രീതിയിലായിരുന്നു കാലഘട്ടത്തിന്റെ ഇതിഹാസങ്ങളായിരുന്ന സയ്യിദ് വരക്കല്‍ ബാ അലവി മുല്ലക്കോയ തങ്ങളും പാങ്ങില്‍ അഹ്മദ്കുട്ടി മുസ്ലിയാരും സമസ്ത എന്ന മഹാ പ്രസ്ഥാനത്തിന് രൂപംനല്‍കിയത്. അന്നേക്ക് അതുമതിയായിരുന്നു. എണ്‍പതുകളിലേക്കു വന്നപ്പോഴും പ്രസ്ഥാനം ഇരുപത്തഞ്ചിന്റെ അതേ ചട്ടക്കൂട്ടിലായിരുന്നു. എണ്‍പതിന് ഈ ചട്ടക്കൂട് തീരെപോരായിരുന്നു. പോരാ എന്നു കണിശമായി വിശ്വസിച്ച ഒരാള്‍ ഉണ്ടായതാണ് പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ വഴിത്തിരിവുണ്ടാക്കിയത്. ആ ഒരാള്‍ ശൈഖുനാ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരായിരുന്നു. ഈ ഒരാളിന് ഉറച്ച പിന്തുണയും പിന്‍ബലവും നല്‍കാന്‍ താജുല്‍ ഉലമാ സയ്യിദ് അബ്ദുല്‍ റഹ്മാന്‍ അല്‍ ബുഖാരിയും മൌലാനാ എം എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരും തലയെടുപ്പുള്ള ഒരുകൂട്ടം പണ്ഡിത•ാരും രംഗത്തുവന്നതോടെ സമസ്ത എന്ന മഹാ പ്രസ്ഥാനത്തിന്റെ ചരിത്രം കാലത്തിന്റേതായി.
അഞ്ചു വയസ്സുകാരന്റെ കുട്ടിക്കുപ്പായത്തില്‍ നിന്ന് എണ്‍പതുകാരന്റെ വലിയ കുപ്പായത്തിലേക്കു വേഷപ്പകര്‍ച്ചയുണ്ടായപ്പോഴാണു കാലത്തോടു സംവദിക്കാന്‍ സുന്നീ പ്രസ്ഥാനം പ്രാപ്തമായത്. ഇത് വെറുമൊരു ഗ്രൂപ്പു വഴക്കിന്റെയും വഴി പിരിയലിന്റെയും ചരിത്രമല്ല; വഴക്കിട്ടു പിരിഞ്ഞുവെന്നു പഴി പറയാനുമാവില്ല. കാലം ആവശ്യപ്പെട്ട മാറ്റത്തിലേക്കുള്ള ചുവടുവയ്പ്പായിട്ടാണ് എണ്‍പത്തൊമ്പതിനെ കാണേണ്ടത്. അതിനു ചില നിമിത്തങ്ങളുണ്ടായതു നേര്. സമസ്ത പോലെ ഒരു പ്രസ്ഥാനത്തില്‍ നിന്നു കാലം പലതും ആവശ്യപ്പെടുന്നുണ്ടായിരുന്നു. വൈജ്ഞാനികവും സാമൂഹികവും ആത്മീയവുമായ മുന്നേറ്റങ്ങള്‍. രാഷ്ട്രീയക്കാര്‍ എല്ലാം കൊണ്ടുവന്നു തരുമെന്നും കൈയും കഴുകി സുപ്രക്കു മുന്നില്‍ ചെന്നിരുന്നാല്‍ മാത്രം മതിയെന്നും ഒരു വിഭാഗം വിശ്വസിക്കുക മാത്രമല്ല; ശഠിക്കുക കൂടി ചെയ്തു. ഈ വിശ്വാസത്തെ അടിച്ചുടച്ച് തെറിപ്പിക്കാന്‍ എണ്‍പത്തൊമ്പതോളം പോരേണ്ടിവന്നു എന്നതൊഴിച്ചാല്‍ വിപ്ളവകരം എന്നതല്ലാതെ ഈ മാറ്റത്തെ വിളിക്കാനാകില്ല. ആസ്ഥാന നഗരിയില്‍ നഷ്ടപ്പെട്ട പതിനൊന്നു പള്ളികള്‍ക്കു പകരം ഇരുപത്തിമൂന്നു പള്ളികള്‍ നിര്‍മിച്ചുവെന്നു മാത്രമല്ല ഈ മാറ്റത്തിന്റെ ഗുണഫലം.
വൈജ്ഞാനിക രംഗത്തും സാമൂഹികമായും മറ്റും സുന്നീ പ്രസ്ഥാനത്തില്‍ ഒരു കുതിച്ചുചാട്ടം തന്നെയുണ്ടായി. ആര്‍ക്കും ഒന്നും നിഷേധിക്കാനാവില്ല. എല്ലാം എല്ലാവരും കണ്‍തുറന്നു കണ്ടുകൊണ്ടിരിക്കുകയാണ്.
സംക്ഷിപ്തമായി ഒരനുഭവം പറയാം. 1983ലെ മലപ്പുറം ജില്ലാ സുന്നി സമ്മേളനം വരെ നടന്ന സുന്നി സമ്മേളനങ്ങളില്‍ നിന്നു വ്യതിരിക്തവും സവിശേഷവുമായിരുന്നു ഈ സമ്മേളനം. യുവ പണ്ഡിത•ാരുടെയും എസ്എസ്എഫിന്റെയും സജീവസാന്നിധ്യമായിരുന്നു ഈ മാറ്റത്തിനു കാരണമായത്. സമ്മേളന പരിപാടികള്‍ തയാറാക്കാന്‍ മലപ്പുറം കുന്നുമ്മലില്‍ ഒരു ഹോട്ടലില്‍ ചേര്‍ന്ന യോഗത്തില്‍ ഈ ലേഖകനുമുണ്ടായിരുന്നു. മൂന്നു ദിവസത്തെ പരിപാടികളുടെ വിശദമായ കരട് മുസ്തഫ ഫൈസി അവതരിപ്പിച്ചപ്പോള്‍ രംഗം പ്രക്ഷുബ്ധമായി. സമുദായ രാഷ്ട്രീയം അധികാരത്തിലിരിക്കുന്ന കാലം. പക്ഷേ, ഒരൊറ്റ മന്ത്രിയെയോ എം എല്‍ എയോ കാര്യപരിപാടിയില്‍ ഉള്‍പ്പെടുത്തിയില്ല. വലിയ ഒരാപത്തു മുന്നില്‍ കണ്ടപോലെ മുതിര്‍ന്ന പണ്ഡിത•ാര്‍ ചകിതരായി. ചിലര്‍ പൊട്ടിത്തെറിച്ചു. കോട്ടുമല ഉസ്താദ് കയര്‍ത്തു. ഇതെന്തൊരു സമ്മേളനമാണ് മുസ്തഫാ? അദ്ദേഹത്തിനു വിശ്വസിക്കാനായില്ല. അതോടെ വിമര്‍ശനങ്ങളുടെ പേമാരി ചൊരിഞ്ഞു. സമ്മേളനത്തിനു പോലീസ് സഹായം വേണം. പല സര്‍ക്കാര്‍ സംവിധാനങ്ങളുടെയും പിന്തുണ വേണം, ഫയര്‍ഫോഴ്സ് വരണം, അയ്യായിരം പേര്‍ക്ക് മൂന്നുദിവസം ക്യാമ്പ് ചെയ്യാനുള്ള വിശാലമായ പന്തല്‍ ഉണ്ടാക്കണം, ഇതിനുള്ള മുള നിലമ്പൂര്‍ കാട്ടില്‍ നിന്നാണു കിട്ടേണ്ടത്, ജലവിതരണവും വൈദ്യുതി കണക്ഷനും കിട്ടേണ്ടതുമുണ്ട്. മന്ത്രിമാരെയും എം എല്‍ എമാരെയും തഴഞ്ഞാല്‍ ഇതൊക്കെ എങ്ങനെ നടത്തും? ഇതായിരുന്നു സീനിയര്‍ ഉസ്താദുമാരുടെ ആശങ്ക. ഈ ചെറുപ്പക്കാരുടെ ചോരത്തിളപ്പ് എന്നു പറഞ്ഞുകൊണ്ട് അവതാരകനെ ഉസ്താദുമാര്‍ ഇരുത്തിക്കളഞ്ഞു. കരടു പരിപാടി പോയ വഴികണ്ടില്ല. പകരം പതിവിന്‍പടി കാര്യപരിപാടി തയാറായി, സമ്മേളനവും അപ്രകാരം നടന്നു. ഇതായിരുന്നു അന്നത്തെ അനുഭവം. നമുക്ക് അന്നവും വെള്ളവും വെളിച്ചവും തരുന്നത് രാഷ്ട്രീയക്കാരാണെന്നും അവരുടെ ആശിര്‍വാദവും സാന്നിധ്യവുമില്ലാതെ സമസ്തക്കു സ്വന്തമായും സ്വതന്ത്രമായും ഒരു നിലനില്‍പുമില്ലെന്നും നിസ്വാര്‍ത്ഥരും നിഷ്കളങ്കരുമായ ഈ പണ്ഡിത•ാര്‍ ആത്മാര്‍ത്ഥമായും വിശ്വസിച്ചു. പണ്ഡിത•ാരെ ഇവ്വിധം പ്രീണിപ്പിച്ചോ പേടിപ്പിച്ചോ നിര്‍ത്തുന്നതില്‍ രാഷ്ട്രീയക്കാര്‍ അനായാസേന വിജയിക്കുകയും ചെയ്തു.
ശൈഖുനാ കാന്തപുരത്തിന്റെ വരവോടെ ഈ ആശ്രിതത്വം ചോദ്യം ചെയ്യപ്പെട്ടു തുടങ്ങി. അദ്ദേഹത്തിന്റെ സങ്കല്‍പത്തിലെ സമസ്ത പുത്രികാപദവിയില്‍ കിടക്കുന്ന ഒന്നായിരുന്നില്ല. സ്വന്തം കാലില്‍ നില്‍ക്കാനും സ്വതന്ത്രമായി പ്രവര്‍ത്തിക്കാനും ദീനിന്റെ കാര്യം നട്ടെല്ലു നിവര്‍ത്തി നിന്ന് ആരോടും ഉറച്ചു പറയാനും പ്രാപ്തമായ ഒരു സമസ്തയായിരുന്നു. നാലാംകിട രാഷ്ട്രീയത്തിന്റെ വാലില്‍ കെട്ടാതെ തന്നെ സുന്നി പ്രസ്ഥാനത്തിന് സ്വതന്ത്രമായ നിലനില്‍പുണ്ടാകണമെന്ന് ആഗ്രഹിച്ചവരുടെ നിരയില്‍ എം എ ഉസ്താദും താജുല്‍ ഉലമയും ഉണ്ടായിരുന്നു. 1985ലെ സമസ്തയുടെ അറുപതാം വാര്‍ഷിക സമ്മേളനം ഇങ്ങനെ വേറിട്ടതാക്കാനായിരുന്നു സമ്മേളന ശില്‍പിയായ കാന്തപുരം ഉസ്താദിന്റെ പുറപ്പാട്. ഒടുവില്‍ നടന്ന ഒത്തുതീര്‍പുകളുടെ ഫലമായി കാര്യപരിപാടിയില്‍ പാരമ്പര്യ രീതിയുടെ ആവര്‍ത്തനമുണ്ടായി. എന്നാല്‍ ഏറെ വൈകാതെ കോഴിക്കോട് മാനാഞ്ചിറയില്‍ നടന്ന ജില്ലാ സുന്നീ സമ്മേളനത്തില്‍ സ്വാതന്ത്യ്ര പ്രഖ്യാപനമുണ്ടായി. ഒരൊറ്റ മന്ത്രിയോ എം എല്‍ എയോ രാഷ്ട്രീയ നേതാവോ പങ്കെടുക്കാതെ സുന്നി സമ്മേളനം വിജയകരമായി നടന്നു. ഈ സമ്മേളനത്തിന് വെള്ളവും വെളിച്ചവും ഉള്‍പ്പെടെ ഭരണകൂടത്തിന്റെ സകല ഒത്താശകളും ലഭിക്കുകയും ചെയ്തു. മലപ്പുറത്തെ ചെറുപ്പക്കാരുടെ സ്വപ്നം അത്രയൊന്നും ചെറുപ്പമല്ലാത്ത ശൈഖുനാ കാന്തപുരം വിജയകരമായി സാക്ഷാത്കരിച്ചു. സുന്നി പ്രസ്ഥാനം അതിന്റെ സ്വതന്ത്ര നിലപാടുകളിലേക്കു വളരെ വേഗം ഗതിമാറുകയായിരുന്നു.
നേതൃത്വത്തിന്റെ ആശ്രിതത്വ ചിന്തയുമായി ശൈഖുനാ ഉടക്കിയ സന്ദര്‍ഭങ്ങള്‍ വീണ്ടും ഉണ്ടായിക്കൊണ്ടിരുന്നു. 86-87 കാലത്തെ ശരീഅത്ത് വിവാദത്തിനിടയിലും ഇങ്ങനെ ഒരവസരമുണ്ടായി. മുസ്ലിം വ്യക്തിനിയമവും പിറക്കാന്‍ പോകുന്ന വിവാഹ മുക്തയുടെ അവകാശങ്ങള്‍ സംബന്ധിച്ച ബില്ലും പൊരിഞ്ഞ ചര്‍ച്ചക്കു വന്നു. വിഷയം ശരീഅത്ത് സംബന്ധമായതിനാല്‍ നിലപാട് കേന്ദ്രസര്‍ക്കാറിനെ ഔദ്യോഗികമായി അറിയിക്കാന്‍ സമസ്ത തീരുമാനിച്ചു. പ്രധാനമന്ത്രിയെ കണ്ടു നിവേദനം നടത്താനുള്ള അനുമതിയും ലഭിച്ചു. പോകേണ്ട പാനലും തയാറായി. ഡല്‍ഹിയിലേക്കുള്ള ടിക്കറ്റു പോലും ഒ കെ ആയപ്പോള്‍ രാഷ്ട്രീയ ഇടപെടല്‍ വന്നു. സമസ്ത സ്വന്തമായി നിവേദക സംഘത്തെ അയക്കേണ്ടെന്നും രാഷ്ട്രീയ നേതാക്കള്‍ പ്രധാനമന്ത്രിയെ കാണുമ്പോള്‍ സമസ്തയുടെ താത്പര്യം കൂടി പരിഗണിക്കുമെന്നുമായിരുന്നു വിശദീകരണം. 1989ലെ സംഭവ വികാസങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ച രാസ ഘടകങ്ങളില്‍ ഈ ആശ്രിതത്വവും പ്രധാനമായിരുന്നു.
'കാന്തപുരത്തിന്റെ ലീഗ് വിരോധം' എന്ന ബാനറിലായിരുന്നു ഈ നിലപാടുകളെ കണ്ടിരുന്നത്. ഈ ആരോപണം വസ്തുതാപരമായിരുന്നില്ലതാനും. മുസ്ലിം രാഷ്ട്രീയം രാഷ്ട്രീയമായിട്ടും സമസ്ത മത സംഘടനയായിട്ടും തീര്‍ത്തും സ്വതന്ത്രമായി നിലനില്‍ക്കണം എന്നായിരുന്നു താജുല്‍ ഉലമയും കാന്തപുരവും ആഗ്രഹിച്ചത്. രണ്ടും രണ്ടു സ്വഭാവമുള്ള തീര്‍ത്തും വ്യത്യസ്തമായ ആശയതലമുള്ള കൂട്ടായ്മകളാണ്. രണ്ടും വേറിട്ടും സ്വതന്ത്രമായും പ്രവര്‍ത്തിച്ചു ശക്തി സംഭരിക്കുകയും നിലനില്‍ക്കുകയും ചെയ്യണം. സഹകരിക്കാവുന്ന മേഖലകളില്‍ സഹകരിക്കുന്നതിനും വിയോജിക്കേണ്ടി വരുമ്പോള്‍ അങ്ങനെ ചെയ്യാനും സ്വാതന്ത്യ്രമുണ്ടാകണം. ഇങ്ങനെയേ നമ്മുടെ നേതാക്കള്‍ കരുതിയിട്ടുള്ളൂ. ഇരു പ്രസ്ഥാനങ്ങളുടെയും ആരോഗ്യകരമായ വളര്‍ച്ചക്കും വികാസത്തിനും നിലനില്‍പിനും ഇതായിരുന്നു ശരിയായ കാഴ്ചപ്പാട്. കാലം അതു തെളിയിക്കുകയും ചെയ്തു. ഇസ്ലാമിക ശരീഅത്തിനു കടകവിരുദ്ധമായ വിധത്തില്‍ സ്ത്രീ സംവരണം ഉണ്ടായപ്പോള്‍ പ്രത്യാഘാതം കണ്ടല്ലോ. തെങ്ങിന്‍ തടത്തില്‍ കുമ്പളങ്ങക്കുരു നട്ടതുപോലെയായി. തെങ്ങിനു ചാരം നല്ല വളമാണ്. പക്ഷേ, ചാരമിട്ടപ്പോള്‍ മണിക്കൂറുകള്‍ കൊണ്ടു കുമ്പളങ്ങ വള്ളിയുടെ കഥ കഴിഞ്ഞു.
സമസ്ത രാഷ്ട്രീയത്തിന്റെ വാലായി കിടന്നപ്പോള്‍ പ്രശ്നങ്ങള്‍ വേറെയുമുണ്ടായിരുന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സ്ഥാപിത താത്പര്യങ്ങളില്‍ പലതും അയലില്‍ കിടന്നു നുരുമ്പിച്ചു. ഇതില്‍ പ്രധാനം ആദര്‍ശപരവും വൈജ്ഞാനികവുമായിരുന്നു. പുതിയ തലമുറക്ക് ആദര്‍ശാധിഷ്ഠിതമായി മതവിദ്യാഭ്യാസവും പൊതുവിദ്യാഭ്യാസവും നല്‍കാന്‍ യാതൊരു സംവിധാനവും ഉണ്ടായിരുന്നില്ല മത ഭൌതിക വിദ്യാഭ്യാസ സമന്വയം പുലരാത്ത ആശയമായി ഏടിലുറങ്ങി. ഹലുവ ബസാറിലെയും ഫ്രാന്‍സിസ് റോഡിലെയും ചിതലരിച്ച കൂരക്കുതാഴെ പ്രസ്ഥാനം ചലനമറ്റു കിടന്നു. സുന്നി വിദ്യാര്‍ത്ഥി പ്രസ്ഥാനം നിലവില്‍ വന്നു. പക്ഷേ, മുന്നോട്ടുള്ള പ്രയാണ വഴിയില്‍ പഴഞ്ചന്‍ നിലപാടുകള്‍ വഴിമുടക്കി. മത വിദ്യാഭ്യാസരംഗം പ്രതിസന്ധിയിലായിരുന്നു. പ്രാഥമിക പഠനരംഗത്ത് പരിഷ്കരണം അനിവാര്യമായിരുന്നു. മൂന്നുപതിറ്റാണ്ടിന്റെ പഴക്കംപേറുന്ന പാഠ്യപദ്ധതി, അശാസ്ത്രീയമായി തയ്യാറാക്കിയ പാഠപുസ്തകങ്ങള്‍. ലേഖനങ്ങള്‍ സമാഹരിച്ചതും കിതാബുകളില്‍ പകര്‍ത്തിയെടുത്തതും വരെ പാഠപുസ്തകങ്ങളായി പഠിപ്പിച്ചു. ഒരുകാലത്ത് ഇതുശരിയാവാം. പക്ഷേ, എല്ലാകാലത്തും ശരിയല്ലായിരുന്നു. മാറ്റങ്ങളോട് പഴയ നേതൃത്വം പുറം തിരിഞ്ഞുനിന്നു. പത്തുവാര വിസ്തൃതിയുള്ള കുളം തന്നെയാണ് അറബിക്കടലും അറ്റ്ലാന്റിക്കും പസഫിക്കും എന്നു ശഠിച്ചാലെന്തുചെയ്യും? ഇത്തരം വഴിമുടക്കങ്ങള്‍ നീക്കം ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു. ഇങ്ങനെയൊരു ബണ്ടുപൊളിയാണ് 1989ല്‍ സംഭവിച്ചത്.
പിന്നീട് സംഭവിച്ചത് ഇന്ന് എല്ലാവര്‍ക്കും കാണാവുന്നതാണ്. മാറ്റങ്ങളുടെ കുതിച്ചുചാട്ടം. മത-ഭൌതിക വിദ്യാഭ്യാസങ്ങള്‍ സമന്വയിപ്പിച്ചു കൊണ്ടുള്ള ആയിരക്കണക്കിനു സ്ഥാപനങ്ങള്‍, പ്രാഥമിക മത പഠനരംഗത്ത് വളര്‍ച്ചയുടെ കുതിപ്പ്. പാഠ്യപദ്ധതി സമൂലം മാറി, പാഠപുസ്തകങ്ങള്‍ ലോകോത്തര നിലവാരത്തിലായി. മദ്റസാ പ്രസ്ഥാനം ശാസ്ത്രീയമായി പുനരാവിഷ്കരിച്ചു. മാറ്റങ്ങളില്‍ മത ഭൌതിക വിദ്യാഭ്യാസ സമന്വയം എടുത്തു പറയേണ്ടതാണ്. ഉയര്‍ന്ന പൊതു വിദ്യാഭ്യാസത്തോടൊപ്പം മത പാണ്ഡിത്യം നേടിയ യുവ പണ്ഡിത•ാരുടെ ഒരു നിര തന്നെയുണ്ടായി. മത ബിരുദത്തിനു സമാന്തരമായി യൂണിവേഴ്സിറ്റി ബിരുദങ്ങളെടുത്ത ഉസ്താദുമാര്‍ നിരവധി. ഡോക്ടര്‍മാരും എഞ്ചിനിയര്‍മാരും അഭിഭാഷകരുമായ മതപണ്ഡിത•ാര്‍, ഇംഗ്ളീഷും, ഉറുദും അറബിയും അനായാസം കൈകാര്യം ചെയ്യാനറിയുന്ന മതബിരുദ ധാരികള്‍. താടിയും തലപ്പാവും വെള്ള യൂണിഫോമും ഒന്നിനും തടസ്സമായില്ല. അവര്‍ സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും അതിര്‍ത്തിക്കപ്പുറം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ഒരനുഭവം: ഇക്കഴിഞ്ഞ എസ് എസ് എഫിന്റെ പ്രൊഫഷണല്‍ കലോത്സവം. മത്സര ഇനങ്ങള്‍ മിക്കതും ഇംഗ്ളീഷില്‍, ജഡ്ജിംഗ് പാനല്‍ കണ്ടപ്പോള്‍ അതിശയിച്ചു. മിക്കപേരും മതപണ്ഡിത•ാരും മുതിര്‍ന്ന ദഅ്വാ വിദ്യാര്‍ഥികളും. മെഡിക്കല്‍ കോളേജ്, എന്‍ജിനീയറിംഗ് കോളേജ് തുടങ്ങീ പ്രൊഫഷണല്‍ തലത്തിലെ മത്സരാര്‍ഥികളുടെ മിന്നുന്ന പ്രകടനങ്ങള്‍ വിലയിരുത്താന്‍ തലപ്പാവുകള്‍ക്ക് നിഷ്പ്രയാസം കഴിയുന്നു! പത്തുവര്‍ഷം മുമ്പ് കേള്‍വിക്കാരായിരിക്കാന്‍ പോലും അര്‍ഹതയില്ലാതിരുന്നവര്‍, താജുല്‍ ഉലമയും കാന്തപുരവും എം എ ഉസ്താദും ചേര്‍ന്നു ഇരുപതുവര്‍ഷം കൊണ്ടു വളര്‍ത്തിയെടുത്ത ഒരു തലമുറയുടെ വെറും സാമ്പിള്‍.
ഇതിലേറെ ഈ മാറ്റം കാണാവുന്നത് ആദര്‍ശരംഗത്താണ്. സമസ്ത എന്ന മഹാ പ്രസ്ഥാനം എന്തിനു ജ•മെടുത്തോ ആ ലക്ഷ്യത്തിലേക്കു തടസ്സം കൂടാതെ പ്രയാണം ചെയ്തതു കഴിഞ്ഞ രണ്ടു പതിറ്റാണ്ടു കൊണ്ടാണ്. യുഗപ്രഭാവനായ വരക്കല്‍ മുല്ലക്കോയ തങ്ങളുടെ സ്വപ്നങ്ങള്‍ക്കു ചിറകു മുളച്ചത് ഇക്കാലത്താണ്. ബിദ്അത്ത് പ്രസ്ഥാനങ്ങളെ പ്രതിരോധിക്കാനായിരുന്നു സമസ്ത പിറന്നത്. ആരെയും കുറ്റപ്പെടുത്താനാവില്ല; കാലഘട്ടത്തിന്റെ സവിശേഷത കൊണ്ടാവാം ആ പ്രയാണത്തിനു ഗതിവേഗമില്ലായിരുന്നു. നമ്മുടെ പോരായ്മകള്‍ ശത്രുക്കള്‍ സമര്‍ത്ഥമായി മുതലെടുത്തു. രാഷ്ട്രീയവും മതവും ഒരേ നേതൃത്വത്തിന്‍ കീഴിലായപ്പോള്‍ നാം സുരക്ഷിതരാണെന്നും അഹ്ലുസ്സുന്ന ഭദ്രമാണെന്നും വെറുതെ നാം വിചാരിച്ചു. കാര്യം അതൊന്നുമായിരുന്നില്ല, നമ്മുടെ ലക്ഷ്യങ്ങള്‍ വഴിയിലെവിടെയോ ഉടക്കിക്കിടക്കുകയായിരുന്നു. ഉടക്കുകള്‍ കുരുക്കഴിഞ്ഞ പ്രയാണപഥങ്ങള്‍ സുഖകരമായതിന്റെ ഗുണം കഴിഞ്ഞ ഇരുപതാണ്ടുകള്‍ കൊണ്ടു നാം കണ്ടു. ഒരിക്കല്‍ നമ്മുടെ അനവതാനത കൊണ്ട് പള്ളികള്‍ ഒന്നൊന്നായി കൈമോശം വന്നു, സ്ഥാപനങ്ങള്‍ അന്യാധീനപ്പെട്ടു. ഇപ്പോള്‍ ഒരു പള്ളിയുടെ നേരെയും മുഖമുയര്‍ത്തി നോക്കാന്‍ ഒരു പൊന്നുമോനും ധൈര്യപ്പെടുകയില്ല. ആശയ പ്രചാരണ രംഗത്തും ബിദ്അത്തിനെതിരായ പോരാട്ട രംഗത്തും സുന്നി പ്രസ്ഥാനം നിര്‍ണായക വിജയമാണു നേടിയത്. ഒരുകാലത്ത് വഹാബി-ജമാഅത്ത് ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്കു മറുപടി പറഞ്ഞു നടക്കുന്ന പണി നമുക്കായിരുന്നു. ഇപ്പോള്‍ പണി എതിര്‍ പക്ഷത്തിനായി. സുന്നീ വേദികള്‍ ഇപ്പോള്‍ ചോദ്യത്തിന്റേതായി. പ്രമാണങ്ങള്‍ അരിച്ചുപെറുക്കിയും കീറിമുറിച്ചും പഠിച്ചു പതം വന്ന യുവ പണ്ഡിത•ാരുടെ നീണ്ട നിര. ഏതു വിഷയം ഏതുവിധത്തില്‍ കൈകാര്യം ചെയ്യാനും പ്രാപ്തരായ പണ്ഡിത•ാരും പ്രവര്‍ത്തകരും, കാന്തപുരം വളര്‍ത്തിയെടുത്ത പടനിര ഇനിയുള്ള പോര്‍നിലങ്ങള്‍ സുന്നികളുടേതാണെന്നു പ്രഖ്യാപനം ചെയ്തുകഴിഞ്ഞിരിക്കുന്നു. സര്‍ഗാത്മകതയുടെ സര്‍വ സാധ്യതകളും ഫലപ്രദമായി ഉപയോഗപ്പെടുത്തിയപ്പോള്‍ പ്രഭാഷകരും എഴുത്തുകാരും പ്രവര്‍ത്തകരുമടങ്ങുന്ന സൈനികനിര സുശക്തമായി. പണിതീരാത്ത വീടിനു ചുറ്റുമതില്‍ പടുക്കുകയില്ല. വളരെക്കാലം സുന്നി പ്രസ്ഥാനം അങ്ങനെയായിരുന്നു- ആരുടെയും കുറ്റമല്ല; സാഹചര്യം അങ്ങനെയാക്കി, നമ്മെ നയിച്ചവരെല്ലാം മഹാ•ാരായ പണ്ഡിത•ാരായിരുന്നു. വീടുപണി തീര്‍ന്നപ്പോള്‍ ചുറ്റുമതിലും പ്രവേശന കവാടവും ഉണ്ടായി. പുറത്തുള്ള ആളുകള്‍ക്കു കയറി നിരങ്ങാവുന്ന അവസ്ഥ മാറി. അഹ്ലുസ്സുന്നയുടെ സംഘശക്തി അടച്ചുറപ്പുള്ളതായി. ആഭ്യന്തര സുരക്ഷിതത്വം ഉണ്ടായപ്പോള്‍ പ്രതിരോധത്തില്‍ നിന്നു നാം പ്രത്യാക്രമണത്തിലേക്കു നീങ്ങി. ബിദ്അത്ത് പ്രസ്ഥാനങ്ങള്‍ ചക്രവാളത്തില്‍ ഇപ്പോള്‍ അന്തിച്ചുവപ്പു കണ്ടുതുടങ്ങിയിരിക്കുന്നു. മൌദൂദി പ്രസ്ഥാനം ചിതലരിച്ചു തീരുകയാണ്. വഹാബിസം ആക്രമണം നിര്‍ത്തി പ്രതിരോധത്തിലായി. വേച്ചും കിതച്ചും തിരിച്ചു നടക്കുകയാണ്. അറബിപ്പണത്തിന്റെ ഒഴുക്കു നിലച്ചാല്‍ ഒരു മീസാന്‍ കല്ല് കൂടി ഉയരും; അത്രയുമായി. ഈ മാറ്റങ്ങളുടെ നായക സ്ഥാനത്തിരുന്നതാണ് ശൈഖുനാ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ മഹത്വം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ