കോഴിക്കോട്: തിരുനബി കേശം ഡി എന്‍ എ ടെസ്റ്റ് നടത്തണമെന്ന ആവശ്യവുമായി വിഘടിതര്‍. ചേളാരി വിഭാഗം നേതാവിന്റേതാണ് വിചിത്രമായ ആവശ്യം. യു.എ.ഇ. ഔഖാഫ് മന്ത്രിയായിരുന്ന ശൈഖ് മുഹമ്മദ് ഹസന്‍ ഖസ്‌റജിയുടെ മകന്‍ ഡോ. ശൈഖ് അഹമ്മദ് ഖസ്‌റജി നേരിട്ടെത്തി ജനലക്ഷങ്ങളെ സാക്ഷിയാക്കി മര്‍കസില്‍ ഏല്‍പിച്ച തിരുകേശം വ്യാജമാണെന്ന് സമര്‍ത്ഥിക്കാനായി വ്യാജ കത്തുമായെത്തി പരിഹാസ്യനായ വിഘടിത നേതാവ് ബഹാവുദ്ദീന്‍ കൂരിയാടാണ് വിശ്വാസികളെ ഞെട്ടിപ്പിക്കുന്നതും വേദനിപ്പിക്കുന്നതുമായ പരാമര്‍ശം നടത്തിയത്.
ആദ്യം പുറത്തിറക്കിയ കത്ത് ചീറ്റിപ്പോയതോടെ പുതിയ കത്തുമായെത്തി ഇയാള്‍ പത്രപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ ഉത്തരം മുട്ടിയതോടെയാണ് വിവാദ പരാമര്‍ശം നടത്തിയത്. തിരുകേശം ഡി എന്‍ എ ടെസ്റ്റ് നടത്തണമെങ്കില്‍ പ്രവാചകന്റെ ഭൗതിക ദേഹവും പരിശോധനക്ക് വിധേയമാക്കേണ്ടിവരുമെന്ന് അറിയാതെയല്ല വിഘടിത നേതാവ് ഇങ്ങനെ പ്രസ്താവിച്ചത്. ഈ ആവശ്യമുന്നയിച്ചപ്പോള്‍ ആശ്ചര്യത്തോടെ ഇതിനോട് പ്രതികരിച്ച പത്രപ്രവര്‍ത്തകരോട് യാതൊരു കൂസലുമില്ലാതെ ഇദ്ദേഹം തന്റെ ആവശ്യം ആവര്‍ത്തിക്കുകയും ചെയ്തു.
ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാതെ ഒഴിഞ്ഞുമാറിയ ഇദ്ദേഹം ചില ചോദ്യങ്ങള്‍ക്ക് വിചിത്രമായ മറുപടിയും നല്‍കി. ഖസ്‌റജിയുടെ സഹോദരന്റേതെന്ന് പ്രചരിപ്പിച്ച് പുറത്തിറക്കിയ രണ്ടു വ്യത്യസ്തമായ കത്തുകളെക്കുറിച്ച് ചോദിച്ചപ്പോള്‍ ഒന്ന് സംഗ്രഹിച്ചതും മറ്റൊന്ന് താന്‍ ആവശ്യപ്പെട്ടതുപ്രകാരം പിന്നീട് വിശദമായി എഴുതിയതുമാണെന്നായിരുന്നു മറുപടി. എന്നാല്‍ കത്ത് ഒരേ തിയതിയില്‍ ഉള്ളതാണല്ലോ എന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ മറുപടി നല്‍കാതെ ഒഴിഞ്ഞുമാറി. വിശ്വാസപരമായ കാര്യത്തില്‍ തര്‍ക്കമൊഴിവാക്കാന്‍ കാന്തപുരം ആവശ്യപ്പെട്ടതുപോലെ യു എ ഇയിലെത്തി സത്യാവസ്ഥ മനസ്സിലാക്കുന്നതല്ലേ നല്ലത് എന്ന ചോദ്യത്തിന് ഖസ്‌റജി സത്യം പറയില്ലെന്ന മുന്‍കൂര്‍ ജാമ്യമായിരുന്നു പ്രതികരണം. യു എ ഇയില്‍ ഖസ്‌റജിയുടെ വീട്ടിലേക്ക് സത്യാവസ്ഥ മനസ്സിലാക്കുന്നതിന് വേണ്ടി പോകാമെന്നും മധ്യസ്ഥരായി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളെയും പി.കെ. കുഞ്ഞാലിക്കുട്ടിയെയും കൊണ്ടുപോകാമെന്നുള്ള എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍ റഹ്മാന്‍ സഖാഫിയുടെ പരാമര്‍ശത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അക്കാര്യം ഇവിടെ പറയേണ്ടെന്നായിരുന്നു മറുപടി. തെറ്റ് സംഭവിച്ചിട്ടുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ പശ്ചാത്തപിച്ച് മടങ്ങാമെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞ കാര്യം സൂചിപ്പിച്ചപ്പോള്‍ അതിനും വ്യക്തമായ മറുപടി പറയാതെ ഒഴിഞ്ഞുമാറി. നേരത്തെ പുറത്തിറക്കിയ കത്ത് വ്യാജമാണെന്ന് തെളിഞ്ഞതോടെ ഖസ്‌റജിയുടെ സഹോദരന്‍ യു എ ഇ ഉപപ്രധാനമന്ത്രിക്ക് അയച്ചു എന്ന് പറയപ്പെടുന്ന കത്തുമായായിരുന്നു കഴിഞ്ഞദിവസം വിഘടിത നേതാവ് പത്രക്കാര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഈ കത്ത് എങ്ങനെ മുഖവിലക്കെടുക്കും എന്ന ചോദ്യത്തിിന് ഖസ്്‌റജി മന്ത്രിയോട് കള്ളം പറയില്ലെന്നായിരുന്നു ഉത്തരം. എന്നാല്‍ ഈ കത്ത് മന്ത്രിക്ക് ലഭിച്ചതിനു തെളിവുണ്ടോ എന്ന ചോദ്യവും ഉയര്‍ന്നതോടെ തീര്‍ത്തും നിസ്സഹായനായാണ് ചേളാരി നേതാവ് പ്രവാചകന്റെ അമാനുഷികതയെ പോലും ചോദ്യം ചെയ്യുന്ന രീതിയില്‍ ഡി എന്‍ എ ടെസ്റ്റ് നടത്തണമെന്ന ആവശ്യമുയര്‍ത്തിയത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ